അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Tuesday, July 7, 2020

ഒരു ഓണപ്പാട്ട്..

മാവേലി മന്നന്‍ വാഴും മലനാട്..
മലയാളം ചെഞ്ചുണ്ടില്‍ ചേരും ഇതുകേരളനാട്..!
മാലോകര്‍ ഒന്നായ്മേവും ഒരു വീട്..
സമരായ് സ്നേഹകരങ്ങള്‍ കൊരുക്കും ഒരു സ്നേഹക്കൂട്..!

പൊന്‍ ചിങ്ങക്കുളിരില്‍ മുങ്ങും, മലരെങ്ങും ചന്തം ചിന്തും,
ചേലോലും ചായം പൂശും ചെറുകിളിതന്‍ പാട്ടും...!
വെണ്‍മേഘത്തോപ്പിലൊളിക്കും, കതിരോനും കനകം വിതറും-
വരിനെല്ലിന്‍ കതിരും ചേരും അഴകിന്‍ പൂക്കാലം..!

പൂവിളിയും പുലരൊളിയും പൂക്കളമെഴുതും കാലം..
ഇടനെഞ്ചില്‍ താളം മുറുകും വള്ളം കളിമേളം..!

(മാവേലിമന്നന്‍ വാഴും..)

" ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പപ്പൂവേ.. നിന്നെ തഴുകാനായ് കുളിര്‍ക്കാറ്റിന്‍ കുഞ്ഞിക്കൈകള്‍ ..!
 ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ.. നിന്നെ പുല്‍കാനായ് 
കൊതിയൂറും മാരിക്കാറും.."

തെയ് തെയ് .. തക തെയ് തെയ് .. തക തെയ് തെയ് .. തക തെയ് തെയ് ..

ഇലയിട്ടിന്നെല്ലാരും ചേര്‍ന്നൊരുപോലെ ഉണ്ണും സ്നേഹം..!
മാവേലിത്തമ്പ്രാൻ ഓലക്കുടചൂടി എത്തുന്നേരം..
തിരുമുറ്റം നിറയും വർണ്ണപ്പൂക്കളുമാവേശം-
തിരതല്ലും ഓണപ്പാട്ടും വരവേൽപ്പിനുവേണം..!

പുലികളിയും തിരുവാതിരയും, പട്ടുചേല ചുറ്റും പകലും..(2)
മലയാളക്കരയെപ്പുണരും പൊന്നോണക്കാലം..
മാനമാകെ ഹർഷം ചൊരിയും വർഷധ്വനിമേളം..!

(മാവേലിമന്നന്‍ വാഴും..)



...

No comments:

Post a Comment

മഴ നനഞ്ഞവര്‍ ... :)
------------------------------------------