അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Tuesday, October 23, 2012

തുലാവര്‍ഷം..

പുതുമണ്ണിന്‍ നറുമണവുമായ്,
 വര്‍ഷധ്വനി അരികിലണയവേ...
പകല്‍ മറഞ്ഞ കാര്‍ത്തിക സന്ധ്യകളില്‍,
മഴത്തുള്ളികള്‍ മിന്നല്‍ പിണരുകളാല്‍
പ്രശോഭിതമാക്കപ്പെടുന്നു..!
ഇടിനാദം കര്‍ണപുടങ്ങളില്‍ മഴയുടെ,
ശൌര്യ ഗാഭീര്യം അറിയിക്കവേ
തുലാവര്‍ഷരാവുകള്‍ വര്‍ണ്ണവിസ്മൃതിയുണര്‍ത്തും,
നിറനിലവിളക്കുപോല്‍ അവിസ്മരണീയമാകുന്നു...!!!

Saturday, September 1, 2012

പ്രതീക്ഷ

തിയെ എന്നെ തഴുകിയകന്ന കാറ്റില്‍
പൊഴിഞ്ഞു വീണ ഇലകളാല്‍ മൂടപ്പെട്ടിരുന്നു ആ ഇടവഴിയും...!
മഴത്തുള്ളികള്‍ പെയ്തിറങ്ങിയപ്പോള്‍, ചലനമറ്റ
അവരുടെ ഹൃദയ ധമനികളിലും,
ഒരു പുതുജീവന്‍ പടര്‍ന്നിരിക്കാം...!
ഏകാന്തത, അവര്‍ക്കൊപ്പം എന്നിലും തണുപ്പായ്
നിറയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു...!!
എങ്കിലും ഞാന്‍ നടന്നു...! കൊഴിഞ്ഞു തീരാന്‍,
വസന്തം നിറച്ച ഒരുപാട് ഓര്‍മകളുടെ ശേഷിപ്പുകളുമായി...!
ഒരു മഴത്തുള്ളിയുടെ കുളിര്‍മയെങ്കിലും,
അവയെ വീണ്ടുമുണര്‍ത്തുമെന്ന വ്യര്‍ഥമായ
സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളുമായി...!!!

Saturday, August 11, 2012

സന്ധ്യ...

ഇരുള്‍ മൂടിയെങ്കിലും പാതിവിടര്‍ന്ന പൂവിന്റെ
മന്ദഹാസമുണ്ടായിരുന്നു അവളുടെ ചുണ്ടുകളില്‍...
മഞ്ഞുപെയ്തൊഴിയുംബോളും,ഓരോ ഹിമകണവും
അവളുടെ പുഞ്ചിരി പകര്‍ത്തിയെടുക്കുന്നുണ്ടായിരുന്നു...!
വീശാന്‍ മറന്നു കാറ്റുപോലും ആ വശ്യതയില്‍
സ്വയം ലയിച്ചു നില്‍ക്കവേ, ഇമവെട്ടാതെ, അവളറിയാതെ,
ആ മനോഹാരിത ഞാനും ആസ്വദിക്കുന്നുണ്ടായിരുന്നു!
ഇരുളിന്റെ ആഴങ്ങള്‍ അവളെ തിരികെ വിളിക്കുമ്പോഴും-
നിസ്സഹായനായ് നോക്കിനില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ!
ഒടുവില്‍ കൊഴിഞ്ഞു വീണ ആ യാമങ്ങളുടെ ഓര്‍മകളും പേറി
ഞാന്‍ തിരികെ നടക്കുമ്പോള്‍, ആരോ മനസ്സില്‍ മന്ദ്രിക്കുന്നുണ്ടായിരുന്നു!
"സന്ധ്യ! അവളെത്ര സുന്ദരിയാണ്...!!!"

Friday, June 1, 2012

പ്രണയം...

ഹൃദ്യമായ സൌരഭ്യം പകര്‍ന്നു,
മഞ്ഞില്‍ വിരിഞ്ഞ്, ഇളം
വെയിലൊളിയലകളായ്
തഴുകിയുണര്‍ത്തിയ
മലരിതളുകളെപ്പോലെയാണ് ,
പ്രണയം...!!!
ഇളം കാറ്റേറ്റുലഞ്ഞ്, മഴയില്‍
നനഞ്ഞ്,
പുഞ്ചിരിക്കുമ്പോഴും...
അറിയുന്നില്ല,
ഒരുനാള്‍ തനിക്കും ഈ മണ്ണില്‍
വാടിവീണലിഞ്ഞു ചേരേണ്ടിവരുമെന്ന്....!!!

Thursday, May 17, 2012

എന്‍റെ ഗ്രാമം














രാഗലോലരാഗമാര്‍ദ്രരാഗവും നിറങ്ങളും..
വാനിതില്‍ തെളിഞ്ഞു വര്‍ണ്ണ രാജികള്‍ വിടര്‍ത്തിടും..
പൂക്കളും നിറഞ്ഞ തേന്‍ നുകര്‍ന്നിടും മധുപരും..
നേര്‍ത്തകാറ്റിലൂയലാടുമാല്‍ത്തളിര്‍ദളങ്ങളും..

പട്ടുമെത്തയിട്ടവട്ടമൊട്ടനേകം കുന്നുകള്‍..
പൊട്ടുതൊട്ടിടുന്നു അര്‍ക്കകാന്തിതന്‍ പ്രഭാസ്മിതം,
വന്നുമേല്‍പ്പതിച്ചിടും കുളിര്‍മഴക്കുളിര്‍മയില്‍-
മണ്ണില്‍ നിന്നുയര്‍ന്നിടും പ്രതീക്ഷതന്‍ സ്മിതങ്ങളായ്..

കളകളാരവങ്ങളില്‍ കുളിച്ച കൊച്ചു സരസികള്‍..
കുളികഴിഞ്ഞനന്തനീലിമകളിലേക്കു പക്ഷികള്‍..
വയലുകള്‍ വയല്‍പ്പരപ്പിലലരുകള്‍ പൊന്‍ കതിരുകള്‍..
ഉതിരുമീ പ്രഭാവലയ്ക്കു നടുവിലെന്‍റെ ഗ്രാമവും..

ഇടകലര്‍ന്നു പുടവ ചാര്‍ത്തി വിടരുമീ മടുമലര്‍-..
ത്തൊടികളില്‍, നിറഞ്ഞ കുഞ്ഞു ചെടികള്‍തന്‍ സുഗന്ധവും..
മടിയിലേറ്റി ഇടവഴികള്‍,നടവഴികളങ്ങനെ..
നാടുചുറ്റി നടനമാടും കാറ്റുമറ്റൊരതിഥിയായ്..

ഉദയസൂര്യനുമ്മവയ്ക്കും കിളികള്‍ പാട്ടുപാടിടും..
മഴപുണര്‍ന്നു കുളിരുനല്‍കും ഹരിതകാന്തിയേറിടും..
മുകില്‍മറഞ്ഞകാറ്റില്‍ വൃക്ഷലതകളില്‍പ്പൊഴിഞ്ഞിടും..
ഹിമകണം കണക്കെ ശോഭയേന്തുമെന്‍റെ ഗ്രാമവും...

-------------------------------------------------------------------------------------------------

മഴ നനഞ്ഞവര്‍ ... :)
------------------------------------------