അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Sunday, July 30, 2017

അന്നും മഴ പെയ്തിരുന്നു..!




ന്നും മഴ പെയ്തിരുന്നു,
നീലാംബരി പൂത്തിരുന്നു,
അന്നും നീ എന്നരികില്‍ വന്നിരുന്നു...!

ഒരു ഗാനം നീ മൂളിടുന്നു,
കേള്‍ക്കാന്‍ ഞാന്‍ ഓര്‍ത്തിടുന്നു,
പാടുന്നൊരു പാട്ടില്‍ ഞാനുണരുന്നു....!

ഹൃദയം ഓര്‍ത്തു നിന്നു ചാരെ...മിഴിനീര്‍ നിറഞ്ഞു മീതെ...
മനസ്സില്‍ തെളിഞ്ഞ മഴവില്ലൊളികളിലലസം നീ നിറയും..!

(അന്നും മഴ പെയ്തിരുന്നു)

മാരിവില്ലിന്‍ ഏഴുവര്‍ണ്ണം, വാനിലായ് തെളിഞ്ഞീടവേ,
മാനസത്തില്‍ നിന്‍സ്മിതം ആ കാന്തിയാര്‍ന്നുണര്‍ന്നീടവേ..

മഴ പെയ്തുതോര്‍ന്നവഴിയേറെഞാന്‍..
നിന്നെയോര്‍ത്തു ചെന്നേകനായ്,
ഉള്ളിലെന്നുമെന്നുമുണര്‍വ്വേകിയോ നിന്‍ ചിരി...!

കുളിരൊന്നുകോരി മഴനല്‍കുമീ..
മഞ്ഞുവീഴുമനുഭൂതിയായ്,
കാതിലെങ്ങുമലതല്ലിയോ നിന്‍ മൊഴി...!

(അന്നും മഴ പെയ്തിരുന്നു)

മേഘമെങ്ങും വീണൊഴിഞ്ഞോ, സന്ധ്യപൂക്കുന്ന യാമങ്ങളില്‍..
നിന്‍ മുഖം ഞാന്‍ കണ്ടിടുന്നു, കണ്ണു ചിമ്മുന്ന താരങ്ങളില്‍...

കടലിന്‍ ചിരാതിലെരിയുന്നൊരീ,
സൂര്യനാളമണയുന്നുവോ,
നെഞ്ചിലെങ്ങുമിരുള്‍ മൂടുമോ ഇന്നിനി..?

മിഴിവേകി മുന്നിലൊരു ദീപമായ്..
നീവരും തിരികെയെന്നുഞാന്‍,
ഓര്‍ക്കവേ വിണ്ണിലെത്തുമീ പൌര്‍ണ്ണമി...!

(അന്നും മഴ പെയ്തിരുന്നു)





.....

Tuesday, July 25, 2017

ക്ഷണിക്കുന്നു പക്ഷേ..!

അന്നും മഴ പെയ്തിരുന്നു..














രു നീർമുഖീ ജലധാരയായ്, ഞാൻ പാതിചാരിയ വാതിലിൽ,
തവ ചേതസി, അരുളുന്നുവെങ്കിലകമേ വരൂ മറു പാതയിൽ..

മധു വർഷിണീ, ക്ഷണമേകുവാൻ, മടിയുള്ളിലുണ്ടു നിസ്സംശയം,
ആ കണ്ണുകൾക്കുണർവ്വേകുവാൻ കമനീയമല്ലെന്നാലയം...

കനകാതപം ഇഴചേർത്തനിൻ- അതിചാരുമേഘ സിംഹാസനം,
ഇരുൾ രൂപിണീ, ഇവിടില്ല നിന്നെ ആനയിച്ചിരുത്തുവാൻ!

സുഖശീതളം പകരുന്നൊരാ, മൃദു മന്ദമാരുതനിന്നുനിൻ,
അരികത്തുവന്നിടുവാനൊരിത്തിരി താമസം ഭവിച്ചിടാം..

അഴകാർന്നഴിഞ്ഞൊടുപാറിടും കാർകൂന്തലീ ഗൃഹഭിത്തിയിൽ,
അലതല്ലി നിന്നുടെ വിശ്രമത്തിനു ഭംഗവും വരുത്തിടാം..

ദിശ നാലിലും മതിൽ കെട്ടി ദിക്കുകളെട്ടുമേ മറച്ചൊരീ,
ഭവനത്തിനാൽ പുറമെ നടക്കുവതൊക്കെയും മറന്നിടാം..

ഇമചിമ്മിടാൻ ഇടനൽകിടാതിതി സന്തതം ചൊരിയുന്നൊരീ
മഴമാറി നിൽപ്പതിലേവരും ഹർഷാരവം പൊഴിച്ചിടാം..

ഇടവേളയിൽ പ്രഭയേറിടും മന്ദസ്മിതം മറ്റുള്ളവർ,
ഒരുനോക്കുകാണ്മതിനർക്കനോ അതിഗർവ്വവും നടിച്ചിടാം..

ഇത്യാദി സങ്കടകാരണങ്ങളിതുണ്ട് ചുറ്റിലുമെന്നുഞാൻ,
പറയുന്നതിന്നവിടുന്നു ചിന്തകളാവഴിക്കു നയിക്കുവാൻ..

എങ്കിലും ഒന്നോർക്കുക ഈ ജാലകത്തിൻ ചാരെയായ്,
നിന്നിടും വരുമെന്നുതന്നെ നിരന്തരം നിനച്ചു ഞാൻ..!

...

Sunday, July 16, 2017

പിണക്കം..



ന്തേ  ഇങ്ങനെ മാറി നില്ക്കുന്നു? നേരം കുറെ ആയല്ലോ.. ഇത്രയും കരഞ്ഞു തീര്‍ക്കാന്‍ മാത്രം എന്തുപറ്റി നിനക്ക്? മറുത്തൊരു വാക്ക് പോലും മിണ്ടാതെ കുറെ നേരമായി ഞാന്‍ ഇത് കണ്ടു നില്ക്കുന്നു..! ഇനിയും വയ്യ..! എന്നും നിന്നെ ഞാന്‍ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ?  നീ വരുന്നതും നോക്കി കാത്തുനിന്നിട്ടല്ലെയുള്ളൂ? ചുറ്റുമെന്നപോലെ ഉള്ളിലും ഇരുള്‍ പടരുമ്പോള്‍ എന്നും കൂട്ടായി നീ ഉണ്ടായിരുന്നു..  നിന്റെ ശബ്ദംമാത്രം മതിയായിരുന്നു എനിക്കു മറ്റെല്ലാം മറക്കുവാന്‍.. നിന്റെ തണുത്ത കൈവിരലുകള്‍ എന്നെ ഒന്നു  തൊടുമ്പോള്‍ എത്രമാത്രം അതെനിക്ക് ആശ്വാസമേകിയിരുന്നെന്ന് എന്നെക്കാള്‍ നന്നായി നിനക്കറിയില്ലേ....! എന്നും  ഒപ്പം ഉണ്ടാവണമെന്നു ആഗ്രഹിച്ചിട്ടിപ്പോ മാറി നിന്നു കരയുകയാണോ?  എനിക്ക് നീ കരയുന്നത് കാണാന്‍ കഴിയില്ല.. മനസ്സിലെ നിന്നോടുള്ള സ്നേഹം ഒരിക്കലും കുറഞ്ഞുപോവുന്നതായി നിനക്ക് അനുഭവപ്പെടാതിരിക്കാനാണ് വീണ്ടും വീണ്ടും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നത് ..  ആ സ്നേഹം പലപ്പോഴും കുറ്റപ്പെടുത്തലുകളായി നിനക്ക് അനുഭവപ്പെട്ടെങ്കില്‍ എന്തേ നീ മനസ്സിലാക്കിയില്ല  നിന്നിലെ ചെറിയ  തെറ്റുകള്‍ പോലും ചൂണ്ടിക്കാണിക്കാന്‍ നീ എനിക്കു മാത്രം തന്ന ഒരു സ്വാതന്ത്ര്യമാണതെന്ന് ? ഒപ്പമുണ്ടായിരുന്നപ്പോള്‍  നമ്മെ ചേര്‍ത്തുനിര്‍ത്തിയ മനസ്സില്‍ എവിടെയെങ്കിലും നിന്നെ ഞാന്‍ വിഷമിപ്പിച്ചതായി ഓര്‍ക്കുന്നുണ്ടോ? ഇതൊക്കെ ഞാന്‍  ചോദിക്കുമ്പോഴും, നിന്റെ മനസ്സ് മനസ്സിലാക്കാതെ, നിന്റെ ഉള്ളിലെ ഈ തോന്നലുകളൊന്നും തിരിച്ചറിയാതെ, ഞാന്‍ സ്വാര്‍ഥമായി നിന്നില്‍ പഴിചാരുകയാണെന്ന് തോന്നുന്നുവോ നിനക്ക് ? എന്തിനാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് പ്രിയേ?, നീയും ഞാനും എന്നുമുതല്‍ നമ്മളിലേക്ക് ഒതുങ്ങിയോ, ആ നിമിഷം മുതല്‍ എന്റെ മനസ്സില്‍ വരച്ച നിന്റെ ചിത്രത്തെ വീണ്ടും വീണ്ടും ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ്  ഞാന്‍..!  അവിടെ ഞാന്‍ കാണുന്ന, എന്നെ മയക്കുന്ന വശ്യമായ ചിരിയുള്ള നിന്റെ മുഖം, അതുപോലെ ഒന്നുകൂടി കാണാന്‍ എന്തൊക്കെയോ പറഞ്ഞുപോവുന്നതാണ് ഞാന്‍.. എന്റെ നെഞ്ചിലേക്ക്  ഒന്നു ചേര്‍ന്ന് നിന്നാല്‍ തീരുന്ന കാര്യം എന്തുകൊണ്ടാണ് നിന്നെ ഇന്നും വിഷമിപ്പിക്കുന്നത്? ഒരേ മനസ്സുള്ളവരല്ലേ നമ്മള്‍..! അതുകൊണ്ടല്ലേ നമ്മള്‍ ഒന്നായതും..!!

മഴ നനഞ്ഞവര്‍ ... :)
------------------------------------------