അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Saturday, May 21, 2016

നിന്നെയും കാത്ത്....


രുളിന്റെ നേർത്ത പുതപ്പു മൂടി, ചുവന്ന നൂലിഴകളിലൂടെ പുറത്തു നോക്കവേ, അലിഞ്ഞു തീരാൻ ഒരല്പം ബാക്കിനിൽക്കുന്ന പ്രകാശധാരകൾ വിണ്ണിലെങ്ങും ആ നിറം പകർത്തി വെക്കുന്നത് പോലെ.. ശിശിരത്തിന് വഴിമാറിക്കൊടുത്ത് വസന്തം നടന്നു മറയവേ, നിറങ്ങൾ മങ്ങിത്തുടങ്ങിയ സന്ധ്യാമ്പരം പോലെ ആ പാതയും വിജനമാവുന്നു ..! ഓർമ്മകളായ് മനസ്സിൽ ആ ഹരിതാഭ സൂക്ഷിക്കവേ,വീണ്ടും തന്റെ ഊഴത്തിനായ് വഴിയരികിൽ നിൽക്കാം ഞാൻ..! അകലെ, നീ വരുന്നതും കാത്ത്..!


നീ..വരുന്ന  വീഥിയിൽ വസന്തമായിമാറി   ഞാൻ
നേർത്ത മഞ്ഞുതുള്ളികൾ നിറഞ്ഞുതൂകി ഞാൻ.. 
മൺ തൊടാതെ വിണ്ണിലായ് പടർന്നുയർന്ന കാറ്റിനെ,
നിൻ മലർമുഖം തലോടുവാൻ വിളിച്ചു ഞാൻ..

നെഞ്ചിലാഴ്ന്ന പുഞ്ചിരി മുഖത്തുണർത്തി നീ വരും
നേരവും കൊതിച്ചു കാത്തിരുന്നിതേറെ ഞാൻ.
ഓർമ്മകൾ മനസ്സിലായ് പകർത്തിവച്ച നിൻവിരൽ-
തുമ്പിലെന്റെ കൈതൊടാൻ നിനച്ചിരുന്നു ഞാൻ..

ചാരെയായ് പതിഞ്ഞൊരാർദ്ര മർമരം എനിക്കുനിൻ
കാൽപദം ഉണർത്തുമാ  സ്വരം കണക്കെയായ്..
മോഹമാരി പെയതുതിർന്ന പൂക്കൾ നിന് മുടിച്ചുരുൾ-
ച്ചാർത്തിലായ് കൊരുത്തു വയ്ക്കുവാൻ കൊതിച്ചു ഞാൻ..

ഈ തുഷാര പാളികൾ അടർത്തി എത്ര മുത്തുകൾ 
കൊരുത്തു സ്വർണ്ണ നൂലിനാൽ നിനക്ക് നല്കുവാൻ..
മാരിവിൽ നിറങ്ങളിൽ തിളങ്ങുമാർദ്ര ഹാരമാ
കഴുത്തിലൊന്നു  ചാർത്തുവാൻ കിനാവ് കണ്ടു ഞാൻ..

എത്രയോ ഋതുക്കളീ നനുത്ത പാത പുല്‍കിയോ..
കൊഴിഞ്ഞു വീണുവോ  ദലങ്ങൾ മണ്ണിലാഴ്നുവോ ..
ഉഷസ്സുണർന്നു മായവേ നിറങ്ങൾ മങ്ങവേ ഇരുൾ-
പുണർന്ന വീഥിയിൽ തനിച്ചു ഞാൻ ഇരുന്നുവോ..

വീണ്ടുമീവസന്ത തന്ത്രി കാലമൊന്നു മീട്ടുവാൻ
പ്രതീക്ഷകൾ മനസ്സില് ഞാൻ നനച്ചുനര്ത്തിയോ
നീ വരുന്ന നാൾ വരെ.. നനഞ്ഞ മണ്ണിലെൻ മനസ്സി-
ലോർമ്മകൾ വസന്തകാന്തി തൂകി നിന്നുവോ..

..

മഴ നനഞ്ഞവര്‍ ... :)
------------------------------------------