അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Sunday, January 22, 2017

ഒരു മഴത്തുള്ളിയായ്..

annum mazha peythirunnu..

രു മഴത്തുള്ളിയായ് എന്നില്‍.. പെയ്ത നിനവായിരുന്നു നീ എന്നും..!
തളിരിതള്‍ പൂക്കും മരച്ചില്ലയില്‍ മെല്ലെയണയുന്ന കാറ്റെന്ന പോലെ...

തരളമെന്‍ തന്ത്രികള്‍ മീട്ടി.. നിന്‍റെ നറുമലര്‍ പുഞ്ചിരിക്കൊഞ്ചല്‍... 
ഇലകളെ തൊട്ടു തലോടിനില്‍ക്കും മോഹമഴയേകുമീണങ്ങള്‍ പോലെ...

... 

വാര്‍മുടിക്കെട്ടില്‍ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഞാനെന്‍ വിരല്‍ത്തുമ്പിനാല്‍ തൊടുമ്പോള്‍,
ഏതോ വസന്തപുഷ്പങ്ങള്‍ വിടര്‍ന്നൊരാ താഴ്വാരഭംഗിയില്‍ ഞാനലിഞ്ഞു...
മഞ്ഞു പൂക്കളും.. നേര്‍ത്ത കാറ്റും.. വിണ്‍ ചിരാതിലെ സൂര്യനാളവും..
നെഞ്ചിലേകുമീ തേന്‍കണങ്ങളാല്‍.. നിന്‍റെ ഓര്‍മ്മയില്‍ ഞാന്‍ മയങ്ങിയോ...

(ഒരു മഴത്തുള്ളിയായ് .. )


ഒരുകുടക്കീഴില്‍ നടന്നു നീങ്ങുമ്പൊഴും മഴനമ്മിലേക്കൂര്‍ന്നു വീണിരുന്നു...
അരികില്‍ നീ എന്നെ പുണര്‍ന്നുനിന്നപ്പൊഴും നനയാതെ നിന്‍ മുഖം ചേര്‍ത്തുവച്ചു...
നമ്മെ മൂടുമാ.. രാ തണുപ്പിലും.. കൈകള്‍ ചേര്‍ത്തൊരീ ചൂടിതേകി നാം...
കണ്‍കള്‍ മൂടി നീ.. ദൂരെ മായവേ.. ഇന്നുമാവഴിക്കോണില്‍ നില്‍പ്പു ഞാന്‍...

(ഒരു മഴത്തുള്ളിയായ് .. )

...

Sunday, January 15, 2017

നിലാ തൂവലാല്‍...
















നിലാ തൂവലാലീ  നിശാ പൂർണ്ണ വാനിൽ
വരച്ചെത്ര താരാഗണങ്ങൾ നിനക്കായ്...
ഇളം കണ്ണു ചിമ്മിത്തിളങ്ങുന്നു നിന്നെ-
ക്കുറിച്ചോർക്കവേ വിണ്‍  മടിത്തട്ടിലിന്നും..

പരല്‍ മേഘപാളിക്കകം പുഷ്പസ്മേരം-
വിടര്‍ത്തുന്ന തിങ്കള്‍ക്കലയ്ക്കിന്നു മൌനം..
വിഹായസ്സിലേന്തേ മഴപ്പായ നീര്‍ത്തി,
മറയ്ക്കുന്നു നിന്‍റെ മുഖം ഇന്ന് വാനം...!

ഉണര്‍ത്തും മലര്‍തെന്നലെന്നെ തുഷാരം,
തളിക്കും ഇളം കൈകള്‍ നീട്ടിക്കുടഞ്ഞും,
സുഷുപ്തിക്കുമീതേ കിനാത്തേരിലേറി-
പ്പറന്നൊന്നു നിന്നോടടുക്കുന്ന നേരം...!

തിമിര്‍ത്തങ്ങു പെയ്യും നിശാമാരി എന്നില്‍..
മഴക്കൈവളക്കൊഞ്ചലാല്‍ കാതു മൂടും..
നിലയ്ക്കാതെ നിന്‍റെ സ്വരം കേള്‍ക്കുവാന്‍ ഞാന്‍
കൊതിക്കുന്ന നേരം ഇരുള്‍പ്പാതയോരം..

മനസ്സില്‍ നിനക്കായ് കൊളുത്തുന്ന  ദീപം
കെടുത്തുന്നുവോ കാറ്റിതെന്നും നിശബ്ദം...
മടുത്തിന്നു കാലം തളര്‍ത്തുന്ന മോഹം
ത്യജിച്ചൊന്നു പോകാന്‍ തുടിക്കുന്നു ഉള്ളം...!

നിറം സപ്തമാകാശ താളില്‍ കുറിക്കാന്‍,
മിഴിക്കുള്ളിലാ വര്‍ണ്ണജാലം നിറയ്ക്കാന്‍..
നമുക്കൊന്നുചേരാം വരുംകാലരാവില്‍
തനിച്ചൊന്നു താരാപഥത്തില്‍ ലയിക്കാം.. 

...


മഴ നനഞ്ഞവര്‍ ... :)
------------------------------------------