അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Sunday, July 30, 2017

അന്നും മഴ പെയ്തിരുന്നു..!




ന്നും മഴ പെയ്തിരുന്നു,
നീലാംബരി പൂത്തിരുന്നു,
അന്നും നീ എന്നരികില്‍ വന്നിരുന്നു...!

ഒരു ഗാനം നീ മൂളിടുന്നു,
കേള്‍ക്കാന്‍ ഞാന്‍ ഓര്‍ത്തിടുന്നു,
പാടുന്നൊരു പാട്ടില്‍ ഞാനുണരുന്നു....!

ഹൃദയം ഓര്‍ത്തു നിന്നു ചാരെ...മിഴിനീര്‍ നിറഞ്ഞു മീതെ...
മനസ്സില്‍ തെളിഞ്ഞ മഴവില്ലൊളികളിലലസം നീ നിറയും..!

(അന്നും മഴ പെയ്തിരുന്നു)

മാരിവില്ലിന്‍ ഏഴുവര്‍ണ്ണം, വാനിലായ് തെളിഞ്ഞീടവേ,
മാനസത്തില്‍ നിന്‍സ്മിതം ആ കാന്തിയാര്‍ന്നുണര്‍ന്നീടവേ..

മഴ പെയ്തുതോര്‍ന്നവഴിയേറെഞാന്‍..
നിന്നെയോര്‍ത്തു ചെന്നേകനായ്,
ഉള്ളിലെന്നുമെന്നുമുണര്‍വ്വേകിയോ നിന്‍ ചിരി...!

കുളിരൊന്നുകോരി മഴനല്‍കുമീ..
മഞ്ഞുവീഴുമനുഭൂതിയായ്,
കാതിലെങ്ങുമലതല്ലിയോ നിന്‍ മൊഴി...!

(അന്നും മഴ പെയ്തിരുന്നു)

മേഘമെങ്ങും വീണൊഴിഞ്ഞോ, സന്ധ്യപൂക്കുന്ന യാമങ്ങളില്‍..
നിന്‍ മുഖം ഞാന്‍ കണ്ടിടുന്നു, കണ്ണു ചിമ്മുന്ന താരങ്ങളില്‍...

കടലിന്‍ ചിരാതിലെരിയുന്നൊരീ,
സൂര്യനാളമണയുന്നുവോ,
നെഞ്ചിലെങ്ങുമിരുള്‍ മൂടുമോ ഇന്നിനി..?

മിഴിവേകി മുന്നിലൊരു ദീപമായ്..
നീവരും തിരികെയെന്നുഞാന്‍,
ഓര്‍ക്കവേ വിണ്ണിലെത്തുമീ പൌര്‍ണ്ണമി...!

(അന്നും മഴ പെയ്തിരുന്നു)





.....

Tuesday, July 25, 2017

ക്ഷണിക്കുന്നു പക്ഷേ..!

അന്നും മഴ പെയ്തിരുന്നു..














രു നീർമുഖീ ജലധാരയായ്, ഞാൻ പാതിചാരിയ വാതിലിൽ,
തവ ചേതസി, അരുളുന്നുവെങ്കിലകമേ വരൂ മറു പാതയിൽ..

മധു വർഷിണീ, ക്ഷണമേകുവാൻ, മടിയുള്ളിലുണ്ടു നിസ്സംശയം,
ആ കണ്ണുകൾക്കുണർവ്വേകുവാൻ കമനീയമല്ലെന്നാലയം...

കനകാതപം ഇഴചേർത്തനിൻ- അതിചാരുമേഘ സിംഹാസനം,
ഇരുൾ രൂപിണീ, ഇവിടില്ല നിന്നെ ആനയിച്ചിരുത്തുവാൻ!

സുഖശീതളം പകരുന്നൊരാ, മൃദു മന്ദമാരുതനിന്നുനിൻ,
അരികത്തുവന്നിടുവാനൊരിത്തിരി താമസം ഭവിച്ചിടാം..

അഴകാർന്നഴിഞ്ഞൊടുപാറിടും കാർകൂന്തലീ ഗൃഹഭിത്തിയിൽ,
അലതല്ലി നിന്നുടെ വിശ്രമത്തിനു ഭംഗവും വരുത്തിടാം..

ദിശ നാലിലും മതിൽ കെട്ടി ദിക്കുകളെട്ടുമേ മറച്ചൊരീ,
ഭവനത്തിനാൽ പുറമെ നടക്കുവതൊക്കെയും മറന്നിടാം..

ഇമചിമ്മിടാൻ ഇടനൽകിടാതിതി സന്തതം ചൊരിയുന്നൊരീ
മഴമാറി നിൽപ്പതിലേവരും ഹർഷാരവം പൊഴിച്ചിടാം..

ഇടവേളയിൽ പ്രഭയേറിടും മന്ദസ്മിതം മറ്റുള്ളവർ,
ഒരുനോക്കുകാണ്മതിനർക്കനോ അതിഗർവ്വവും നടിച്ചിടാം..

ഇത്യാദി സങ്കടകാരണങ്ങളിതുണ്ട് ചുറ്റിലുമെന്നുഞാൻ,
പറയുന്നതിന്നവിടുന്നു ചിന്തകളാവഴിക്കു നയിക്കുവാൻ..

എങ്കിലും ഒന്നോർക്കുക ഈ ജാലകത്തിൻ ചാരെയായ്,
നിന്നിടും വരുമെന്നുതന്നെ നിരന്തരം നിനച്ചു ഞാൻ..!

...

മഴ നനഞ്ഞവര്‍ ... :)
------------------------------------------

14074