Thursday, November 21, 2013
Monday, November 18, 2013
സന്ധ്യാവര്‍ണങ്ങള്‍...
സ്വര്‍ണ്ണവര്‍ണ്ണരാശി വിണ്ണിലെങ്ങുമേ പടര്‍ത്തിയീ-
സാഗര സമസ്തമങ്ങു വീണുതാണണഞ്ഞു നീ...
രക്തവര്‍ണ്ണ ശോഭയാല്‍ നിറഞ്ഞുനിന്ന വിണ്ണിലോ-
വെണ്ണിലാവ് തൂകുമാര്‍ദ്ര ചന്ദ്രബിംബമെത്തിയോ!
താരകള്‍ തുഴഞ്ഞു നീങ്ങുമമ്പരത്തിലന്‍പ്പെഴും
ചെമ്പഴുക്കതന്‍റെ വര്‍ണ്ണം പൂര്‍ണ്ണമായി മാഞ്ഞുവോ...!
മന്ദമാരുതന്‍റെ തോളിലമ്പരം മുഴുക്കയും
സഞ്ചരിക്കും മേഘം വെണ്ണിലാവിലായ് തിളങ്ങിയോ...
മഞ്ഞുവീണ സഹ്യനിലെ പുല്‍പരപ്പിലങ്ങനെ
മന്ദഹാസ ചന്ദ്രബിംബം സുന്ദരമായ് മിന്നിയോ...
വെണ്‍മയില്‍ കറുപ്പു ചാര്‍ത്തി നൃത്തമാടുമോലകള്‍
ശുഭ്രകുസുമകാന്തിയില്‍ കുളിച്ചൊരുങ്ങിനിന്നുവോ...
ലാവിലാവിലോലലോല ഗാനമാലപിക്കുമീ-
രാക്കിളിക്കു വൃക്ഷശാഖ വേദിയായണഞ്ഞുവോ...!
ചന്ദനക്കുളിര്‍നിലാവിലന്തികാന്തി ചിന്തുമീ
ചെംബകപ്പൂവങ്കണത്തില്‍ സൗരഭ്യം ചൊരിഞ്ഞുവോ....
ശാന്ത മൗന സാന്ദ്ര രാഗമാസ്വദിച്ചു ഭൂമിതന്‍
ശാന്ത നിദ്രയില്‍ നിമഗ്നയായലിഞ്ഞു ചേര്‍ന്നുവോ...!
Saturday, November 2, 2013
ജാലകം...
ജനലഴികളിതിലിനിയുമെന് വിരല്‍ പാടുകള്‍
പതിയുകില്ലിനി ഞാന്‍ നടക്കാം...
ജനിമൃതികളിതു പൊഴിയുമൊരു പൂവിനിതളായി
വിജനതയിലിനി ഞാന്‍ ലയിക്കാം...
പതിയെ നാമൊരുമിച്ചു പലനാളിലോര്‍ത്തൊരാ-
കനവുകളതെല്ലാം മറക്കാം...
മിഴികളില്‍ മിഴികളാല്‍ മൊഴികള്‍ പകര്‍ന്നൊരാ
നിനവുകള്‍ മൗനമായ് മായ്ക്കാം..
ജാലകപ്പാളിയില്‍ കണ്‍നട്ടു നീയെന്നെ
ഓര്‍ത്തുനില്‍ക്കുന്നൊരാ രാവില്‍..
മഴയായി മൗനമായ് നിന്‍ കണ്ണുനീര്‍ കോര്‍ത്തു
നീര്‍ഹാരമേകാം നിനക്കായ്...
വാതില്‍ തുറന്നീപ്പിറാവുപോല്‍ പാറി-
പ്പറന്നു ഞാന്‍ ദൂരെയ്ക്കു പോകേ...
'ഓര്‍മ്മകള്‍ മാത്രം' നിനക്കായി നല്കുവാന്‍
ആഗ്രഹിക്കുന്നതില്ലിന്നും...!!!
Subscribe to:
Posts (Atom)
മഴ നനഞ്ഞവര്‍ ... :)
------------------------------------------
14074